പണ്ഡിറ്റ് കെ. കെ. പണിയ്ക്കർ
പ്രശസ്ത സംസ്‌കൃത പണ്ഡിതനും, കവിയുമായിരുന്ന പണ്ഡിറ്റ് കെ. കെ. പണിയ്ക്കര്‍ (പണ്ഡിതകവി കെ. കുഞ്ഞുപിള്ള പണിയ്ക്കര്‍) 1900 ജനുവരി 18 –നു കരുനാഗപ്പള്ളി താലൂക്കിന്റെ തീരപ്രദേശമായ പനക്കടയിലെ അതിപുരാതന പ്രഭുകുടുംബമായ അരയശ്ശേരിലാണ് ജനിച്ചത്. ശ്രീ കുഞ്ഞന്‍പണിയ്ക്കരുടേയും ശ്രീമതി വെളുത്തകുഞ്ഞിന്റേയും നാലാമത്തെ മകനായിട്ടായിരുന്നു ജനനം. മാതാവ് ശ്രീമതി വെളുത്തകുഞ്ഞും ആ കാലത്ത് പേരുകേട്ട ഒരു പ്രഭുകുടംബാംഗം ആയിരുന്നു. ആ വീട്ടുപേരും അരയശ്ശേരില്‍ എന്നു തന്നെ. വെള്ളനാതുരുത്തിലെ പ്രശസ്തമായ അരയശ്ശേരി തറവാട്. രാജവാഴ്ച്ച നിലനിന്നിരുന്ന ആ കാലത്ത് അരയശ്ശേരി കാരണവന്മാര്‍ ആ തീര പ്രദേശത്തെ രാജപ്രതിനിധികളെ പോലായിരുന്നു. അതുകൊണ്ട് അന്ന് വേണാടു ഭരിച്ചിരുന്ന മഹാരാജാവ് അരയശ്ശേരി കാരണവര്‍ക്കു ചെമ്പുഫലകത്തില്‍ എഴുതി നല്‍കിയ സ്ഥാനപ്പേരായിരുന്നു “പണിയ്ക്കര്‍”. അങ്ങനെയാണു അരയശ്ശേരിലെ പിന്മുറക്കാര്‍ പേരിനോടൊപ്പം പണിയ്ക്കര്‍ എന്നുകൂടി ചേര്‍ത്ത് അറിയപ്പെടാന്‍ തുടങ്ങിയത്.
ഏഴാം വയസ്സില്‍ വള്ളിക്കാവിലെ കടമ്പാട്ടു മഠത്തിലെ പോറ്റിയാണു അദ്ദേഹത്തിനെ എഴുത്തിനിരുത്തിയത്. തുടര്‍ന്ന് അഴീയ്ക്കൽ ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപമുണ്ടായിരുന്ന കുടിപ്പള്ളിക്കുടത്തിലും പിന്നീട് സമീപ പ്രദേശങ്ങളിലെ പ്രൈമറി സ്ക്കൂളിലും യു.പി. സ്ക്കുളിലുമായി ഏഴാം ക്ലാസ്സു വരെ പഠിച്ചു. അക്കാലത്ത് ഏഴാം ക്ലാസ്സ് മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ക്ലാസ്സായിരുന്നു. എ.ആർ. രാജരാജവർമ്മയുടെ ഭാഷാഭൂഷണം ഉള്‍പ്പെടെ മലയാള ഭാഷയില്‍ വളരെ മെച്ചപ്പെട്ട പുസ്തകങ്ങളായിരുന്നു അന്ന് ഏഴാം ക്ലാസ്സില്‍ പഠിയ്ക്കുവാന്‍ ഉണ്ടായിരുന്നത്. അതുകൊണ്ടു അന്നത്തെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയ്ക്ക് ഇന്നത്തെ മലയാളം M. A. -യ്ക്ക് പഠിയ്ക്കുന്ന വിദ്യാര്‍ത്ഥിയേക്കാള്‍ ഭാഷയില്‍ അറിവു സമ്പാദിയ്ക്കുവാന്‍ കഴിയുമായിരുന്നു. അലങ്കാരശാസ്ത്രത്തിലാണു അദ്ദേഹത്തിനു കൂടുതല്‍ താല്‍പ്പര്യം ഉണ്ടായിരുന്നത്. ഏതാണ്ട് ഈ കാലഘട്ടത്തില്‍ തന്നെ അദ്ദേഹത്തിന്റെ സര്‍ഗ്ഗ പ്രതിഭ പ്രകടമായി തുടങ്ങിയിരുന്നു. കവിതാരൂപത്തില്‍ എഴുതിയ ചില ഭജനപ്പാട്ടുകളും മംഗളാശംസ്സകളുമായിരുന്നു ആദ്യകാല രചനകള്‍. ഭജനസംഘങ്ങള്‍ക്കു വളരെ പ്രചാരമുള്ള കാലമായിരുന്നു അന്നു. അതുകൊണ്ടു പല ഭജനസംഘങ്ങളും അദ്ദേഹത്തെ സമീപിച്ചു പലതരം പുതിയ പുതിയ ഭജനഗാനങ്ങള്‍ എഴുതിയ്ക്കുക പതിവായിരുന്നു. സംഗീതഗുണം തികഞ്ഞ ആ നല്ല കവിതകളൊന്നും ബാല്യകാല രചനകളായതുകൊണ്ടാവാം അച്ചടിയ്ക്കപ്പെട്ടില്ല. ഏഴാം ക്ലാസ്സിലെ പഠനത്തിനു ശേഷം അദ്ദേഹം പറയകടവ് വിജ്ഞാനപ്രദായനി വായനശാല നടത്തിയിരുന്ന സംസ്കൃതക്ലാസ്സില്‍ ചേര്‍ന്നു. മുതുകുളം പത്മനാഭപണിയ്ക്കര്‍ ആയിരുന്നു അദ്ധ്യാപകന്‍. ആ ഗുരുവില്‍ നിന്നും രണ്ടു വര്‍ഷം കൊണ്ട് അദ്ദേഹം “മാഘം” വരെ പഠിച്ചു. ആ കാലത്ത് മരുതൂര്‍കുളങ്ങരയില്‍ ശ്രീ കൊച്ചുഗോവിന്ദപണിയ്ക്കര്‍ ഒരു സംസ്കൃതസ്ക്കൂള്‍ തുടങ്ങിയിരുന്നു. ശ്രീ കെ. കെ. പണിയ്ക്കര്‍ തന്റെ അദ്ധ്യാപകവൃത്തിയ്ക്കു തുടക്കം കുറിച്ചത് ആ വിദ്യാലയത്തിലായിരുന്നു. അവിടെ വെച്ചാണ് അദ്ദേഹം പന്നിശ്ശേരി നാണുപിള്ള എന്ന മഹാപണ്ഡിതനെ ആദ്യമായി കണ്ടതും പരിചയപ്പെട്ടതും. ചട്ടമ്പി സ്വാമികളുടെ പ്രധാന ശിഷ്യനായ ശ്രീ പന്നിശ്ശേരി ബഹുശാസ്ത്രപണ്ഡിതനായിരുന്നു. ശ്രീ കെ. കെ. പണിയ്ക്കര്‍ നിരന്തരം പന്നിശ്ശേരില്‍ പോവുകയും ആ ഗുരുവില്‍ നിന്നും വ്യാകരണം, ശാസ്ത്രം, വേദാന്തം, സാഹിത്യം തുടങ്ങിയ വിഷയങ്ങളിലുള്ള ഉപരിഗ്രന്ഥങ്ങള്‍ പഠിയ്ക്കുകയും ചെയ്തു. അപ്പോഴേയ്ക്കും അദ്ദേഹത്തിന്റെ ഭാവനാശക്തിയും പാണ്ഡിത്യവും സംസ്ക്കാരാസമ്പന്നമായി വിപുലപ്പെട്ടു. തുടര്‍ന്നു “മാധവി”, “ഒരു പുഷ്പം”, “സാവിത്രി” തുടങ്ങിയ ഖണ്ഡ കാവ്യങ്ങള്‍ രചിച്ചുകൊണ്ട് അദ്ദേഹം കാവ്യമേഖലയില്‍ തന്റേതായ സാന്നിധ്യം ഉറപ്പിച്ചു. അതു വായിച്ച ശ്രീ വടക്കുംകൂര്‍ രാജരാജവര്‍മ്മ രാജയാണു “പണ്ഡിതകവി” എന്നു അഭിസംബോധന ചെയ്തുകൊണ്ട് കത്തയച്ചത്. തുടര്‍ന്നുള്ള ശ്രീ കെ. കെ. പണിയ്ക്കരുടെ ജീവിതം സംസ്കൃതഭാഷ പഠനത്തിനും അദ്ധ്യാപനത്തിനും, പ്രചാരത്തിനും, സംസ്കൃത ക്ലാസ്സിക്കുകളുടെ പരിഭാഷയ്ക്കും സമര്‍പ്പിയ്ക്കപ്പെട്ടതായി മാറി.
ഈകാലത്ത് വര്‍ഷംതോറും കരുനാഗപ്പള്ളിയുടെ തീരപ്രദേശത്തു ഉണ്ടായിക്കൊണ്ടിരുന്ന കടലാക്രമണത്തില്‍ ശ്രീ കെ. കെ. പണിയ്ക്കരുടെ ഏക്കര്‍ കണക്കിന് തെങ്ങിന്‍ പുരയിടങ്ങളും നെല്‍പ്പാടങ്ങളും കടലെടുത്തു പോയി. അതോടുകൂടി ജീവിതാവശ്യത്തിനു ഒരു സ്ഥിര വരുമാനം അത്യന്താപേക്ഷിതമായി വന്നു. അങ്ങനെ ക്ലാപ്പന S. N. D. P. ശാഖായോഗം തുടങ്ങിയ സംസ്കൃതസ്ക്കൂളില്‍ അദ്ധ്യാപകനായി. “ചോങ്ങയില്‍” പള്ളിക്കുടം എന്നാണു ആ സ്ക്കൂള്‍ അറിയപ്പെട്ടിരുന്നത്. ഇന്നത് Clappana SVHSS എന്ന പേരിലുള്ള കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട ഹയര്‍ സെക്കണ്ടറി സ്ക്കൂളുകളില്‍ ഒന്നായിമാറി. അഞ്ചു വര്‍ഷത്തോളം അദ്ദേഹം ചോങ്ങയില്‍ പള്ളിക്കുടത്തില്‍ സംസ്കൃത അദ്ധ്യാപകനായി ജോലിചെയ്തു. ഈ സന്ദര്‍ഭത്തിലാണു “സ്റ്റേറ്റ് കോണ്‍ഗ്രസ്സ് പ്രക്ഷോഭം” പൊട്ടിപുറപ്പെട്ടതും വിദ്യാര്‍ത്ഥികള്‍ അതില്‍ സജീവമായി പങ്കെടുത്തതും. അങ്ങനെ ചോങ്ങയില്‍ പള്ളിക്കുടത്തിന്റെ പ്രവര്‍ത്തനം ഒരുവിധം നിലച്ച മട്ടായി. എങ്കിലും നാടിന്റെ പലഭാഗത്തുനിന്നും സംസ്കൃതപഠനത്തിനായി ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ വരുന്നുണ്ടായിരുന്നു. ദൂരദേശത്തു നിന്നുമുള്ളവര്‍ അദ്ദേഹത്തോടൊപ്പം താമസ്സിച്ചാണ് വ്യാകരണം, സാഹിത്യശാസ്ത്രം, വേദാന്തം എന്നിവ പഠിച്ചതു. ഈ കാലഘട്ടത്തിലാണു തിരുവിതാംകൂര്‍ യൂണിവേര്‍സിറ്റി “സാഹിത്യവിശാരദ്”, “മലയാളം വിദ്വാന്‍” എന്ന ഭാഷാദ്ധ്യാപക ബിരുദകോഴ്സ്സുകള്‍ ആരംഭിയ്ക്കുന്നത്. ഈ കോഴ്സ്സുകളുടെ നടത്തിപ്പിനായി അദ്ദേഹം ഓച്ചിറയില്‍ ഒരു ട്യൂട്ടോറിയല്‍ കോളേജ് ആരംഭിച്ചു. ആദ്യ ബാച്ചില്‍ നിന്നും നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികളും പാസ്സായി ജോലി നേടിയതിനാല്‍ അന്യദേശത്തു നിന്നുപോലും വിദ്യാര്‍ത്ഥികള്‍ വന്നു താമസ്സിച്ച് ട്യൂട്ടോറിയലില്‍ പഠിയ്ക്കുകയും വിജയംനേടി ഭാഷാദ്ധ്യാപകരായി തീരുകയുംചെയ്തു. അതില്‍ ചിലരൊക്കെ അദ്ദേഹത്തോടൊപ്പം താമസ്സിച്ചാണ് പഠനംപൂര്‍ത്തികരിച്ചത്. മധ്യതിരുവിതാംകൂറിലെ ഭാഷാധ്യാപകരില്‍ അധികവും അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ യോഗ്യത നേടിയവരാണു. ഇത്തരത്തില്‍ സംസ്കൃതത്തിലും മലയാളത്തിലും പഠനം നേടിയ ഒരു വലിയ ശിഷ്യഗണത്തിന്റെ ഗുരുനാഥനാണു പണ്ഡിറ്റ് കെ. കെ. പണിയ്ക്കര്‍ എന്ന പണ്ഡിതശ്രേഷ്ഠന്‍.
ഇരുപത്തിരണ്ടാമത്തെ വയസ്സിലായിരുന്നു ശ്രീ. കെ. കെ. പണിയ്ക്കരുടെ വിവാഹം. ചെറിയഴീയ്ക്കല്‍ ശ്രീ ബാലകൃഷ്ണപണിയ്ക്കരുടെ മകള്‍ ശ്രീമതി ലക്ഷിക്കുട്ടി ആയിരുന്നു ഭാര്യ. സുകുമാരപണിയ്ക്കര്‍, വാസന്തിയമ്മ, കാദംബരി, രന്തിദേവപണിയ്ക്കര്‍, വസുന്ധതി എന്നിങ്ങനെ അഞ്ചു മക്കളായിരുന്നു അദ്ദേഹത്തിനു.